ഷിഗെല്ല കേരളം മുഴുവൻ പടരുമോ? ഭീതി വേണ്ടെന്ന് ഡോ എസ്. എസ്. ലാൽ

കൊവിഡ് പോലെ കേരളം മുഴുവൻ ഷിഗെല്ല Shigella പടരുമെന്ന ഭീതി അസ്ഥാനത്താണ്. എന്ത് കൊണ്ടെന്ന് വിശദമാക്കുകയാണ് പ്രശസ്ത പബ്ലിക്ക് ഹെൽത്ത് സ്പെഷ്യലിസ്റ്റും ഡോക്ടറും കോളംനിസ്റ്റുമായ ഡോ: എസ്. എസ്. ലാൽ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഷിഗെല്ല കേരളം മുഴുവൻ പടരുമോ?

“കോഴിക്കോട്ട് പുതിയ വൈറസ് ഇറങ്ങിയല്ലേ?” ഒരു സുഹൃത്ത് ഫോണിൽ ചോദിച്ചതാണ്. “ഏത് വൈറസ്?” എൻറെ മറുചോദ്യം. “ഷിഗെല്ലയെന്നോ മറ്റോ ആണ് ടെലിവിഷനിൽ കേട്ടത്” “ഷിഗെല്ല വൈറസല്ല. അത് ഒരിനം ബാക്റ്റീരിയ ആണ്.” “എന്തായാലും അതിപ്പൊ കൊവിഡ് പോലെ കേരളം മുഴുവൻ പടരില്ലേ?

“ഇല്ല”

‘ഷിഗെല്ലോസിസ്’ എന്ന പേരിൽ അറിയുന്ന വയറിളക്ക രോഗമാണ് കോഴിക്കോട്ട് കണ്ടത്. നമ്മൾ ഷിഗെല്ല എന്ന പേരിൽ വിളിക്കുന്ന ബാക്റ്റീരിയ ആണ് രോഗമുഉണ്ടാക്കുന്നത്. ഈ വയറിളക്ക രോഗമുള്ളവരുടെ മലത്തിലൂടെ രോഗാണുക്കൾ പുറത്തേയ്ക്കു പ്രവഹിക്കും. ഒരു രോഗിയുടെ ശരീരത്തിനു പുറത്തു വന്ന അണുക്കൾ മറ്റൊരാളുടെ വയറ്റിനുള്ളിലേയ്ക്ക് കടന്നാൽ അയാൾക്കും രോഗം കിട്ടും.

ഷിഗെല്ലോസിസ് രോഗത്തിൻറെ പകർച്ചയും നമ്മുടെ ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗിയുമായോ രോഗാണു തങ്ങി നിൽക്കുന്ന വസ്തുക്കളുമായോ പ്രതലവുമായോ നമ്മുടെ കൈവിരലുകൾക്ക് സമ്പർക്കമുണ്ടാകുന്നത് രോഗം നമ്മളിലേയ്ക്ക് പകരുന്നതിന് കാരണമാകും. രോഗമുള്ള ഒരാൾ കൈകാര്യം ചെയ്യുന്ന ഭക്ഷണം നമ്മൾ കഴിക്കുന്നതും രോഗം പടരാൻ കാരണമാകാം. പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയും ശുദ്ധമല്ലാത്ത ജലത്തിലൂടെയും നമുക്ക് രോഗം കിട്ടാം. പച്ചക്കറികളോ പഴങ്ങളോ കഴുകി വൃത്തിയാക്കാതെ കഴിക്കുന്നതും രോഗമുണ്ടാക്കാം. രോഗം വന്ന ഒരാളിൽ നിന്ന് ലൈംഗിക ബന്ധത്തിനിടയിൽ മറ്റൊരാളുടെ ഉള്ളിലേയ്ക്ക് രോഗാണു കടക്കാനുള്ള സാദ്ധ്യതയും ഉണ്ട്.

ഡോ: എസ്. എസ്. ലാൽ

ഏതു പ്രായക്കാർക്കും വരാവുന്ന രോഗമാണ് ഇതെങ്കിലും ചെറിയ കുട്ടികൾക്ക് രോഗം കിട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. കൂടുതൽ യാത്ര ചെയ്യുന്നവർക്കും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കേണ്ടി വരുന്നവർക്കും രോഗ സാദ്ധ്യത കൂടുതലാണ്.

ഷിഗെല്ലോസിസ് വയറിളക്കം ഉണ്ടാക്കുന്നത് ബാക്റ്റീരിയ ആണെന്ന് പറഞ്ഞു. ബാക്റ്റീരിയ ആയതുകൊണ്ട് ആവശ്യമെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക് ഉപയോഗിച്ചും രോഗം ചികിത്സിക്കാൻ കഴിയും


ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനു മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത് നമുക്ക് രോഗം വരാതിരിക്കാൻ സഹായിക്കും. രോഗം വന്നയാളെ പരിചരിക്കുന്നവരും ഇത്തരത്തിൽ കൈ ശുദ്ധമായി സൂക്ഷിക്കണം.

കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോഴും രോഗപ്പടർച്ച ഉണ്ടാകുന്നത് നാട്ടിലെ ശുദ്ധജല ലഭ്യതയിലെ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഷിഗെല്ലയൊക്കെ നമുക്കിടയിൽ ഉണ്ട്. എങ്കിലും നാട്ടിൽ രോഗം പടരാത്തതിന് പ്രധാന കാരണം മലയാളിയുടെ വൃത്തിശീലം തന്നെയാണ്. പിന്നെ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിൻറെ മേന്മയും. ശുചിത്വ ശീലങ്ങൾ കൊണ്ടും വൃത്തിയായി ഭക്ഷണം കൈകാര്യം ചെയ്യുന്നതിലൂടെയും സുരക്ഷിതമായ ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നത് വഴിയും രോഗം വരാതെ നോക്കാം. ആർക്കെങ്കിലും കടുത്ത രോഗം വന്നാൽ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ രോഗമുക്തി നേടാം എന്ന ആശ്വാസവുമുണ്ട്.


പഴയ രോഗങ്ങളെയും വലിയ ഭീഷണികളായി ഊതിവീർപ്പിച്ചു കാണിക്കുന്നത് അപകടമാണ്. അതൊക്കെ പരിഹരിക്കാൻ നാട്ടിലെ ആരോഗ്യ സംവിധാനങ്ങൾക്ക് പണ്ടേ കഴിവുണ്ട്. കേരളത്തിൽ ഇന്നത്തെ അവസ്ഥയിൽ അടിയന്തിര ആരോഗ്യ പ്രശ്നമായി കൊവിഡ് തുടരുകയാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമവും അനുവദിക്കാൻ പാടില്ല.

6 views0 comments