രാഹുലിനും രഞ്ജിത്തിനുമൊപ്പം ...

.


നെയ്യാറ്റിൻകര ആത്മഹുതി ചെയ്ത രാജൻറെയും അമ്പിളിയുടെയും മക്കളെ ഓർത്ത് കേരളം വേദനിക്കുകയാണ്. കണ്ണുള്ളവർക്കെല്ലാം കണ്ണീര് പൊടിയുന്ന സംഭവം. തീർത്തും ദൗർഭാഗ്യകരം.


കുട്ടികളുടെ അയൽവാസിയുമായി കുറച്ചു മുമ്പ് ഞാൻ ഫോണിൽ സംസാരിച്ചു. അദ്ദേഹം മൂത്ത കുട്ടി രാഹുലിന് ഫോൺ കൈമാറി. അനിയൻ രഞ്ജിത്തും രാഹുലിൻറെ അടുത്തുണ്ടായിരുന്നു. പ്ലസ് ടൂ വരെ പഠിച്ച കുട്ടിയാണ് രാഹുൽ. വീട് നടത്താൻ വേണ്ടി ചെറിയ പ്രായത്തിൽ പഠിത്തം മുടക്കി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയാണ്. അതും ചെറിയ കൂലിക്ക്. അവിടെ നിന്നും തൊഴിൽ പഠിക്കുകയാണ് ലക്‌ഷ്യം. രാഹുലിന് ഐ.ടി.ഐ. കോഴ്സ് പഠിക്കാൻ താൽപര്യം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുവദിച്ചില്ല. സ്വകാര്യ കോളേജിൽ പഠിക്കാനുള്ള പണമവുമില്ല. അനിയൻ രഞ്ജിത്ത് പ്ലസ് ഒൺ വിദ്യാർത്ഥിയാണ്.


ചോറ് വിളമ്പി വച്ചിട്ട് കഴിക്കാൻ പറ്റാതെ കുടിയിറക്കപ്പെട്ട കുട്ടികൾ. അച്ഛനും അമ്മയും ഒരുമിച്ചു നഷ്ടപ്പെട്ട കുട്ടികൾ. എന്നാൽ കുറ്റപ്പെടുത്തലുകളും പഴിചാരലുകളും അവരുടെ ഒരു പ്രശ്നവും പരിഹരിക്കില്ല. ദുരന്തത്തിൻറെ ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നാണ് നോക്കേണ്ടത്. കുട്ടികളെ സഹായിക്കാൻ പല പ്രസ്ഥാനങ്ങളും മുന്നോട്ടു വരുന്നുണ്ട്. ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസിൻറെ സഹായവും ഞാൻ രാഹുലിനോട് വാഗ്ദാനം ചെയ്തു. ഐ.ടി.ഐ. പഠനം നടത്താനുള്ള സഹായം ചെയ്യാമെന്നാണ് രാഹുലിനെ അറിയിച്ചത്. രഞ്ജിത്തിൻറെ തുടർ പഠനത്തിനും ഞങ്ങളുടെ സഹായമുണ്ടാകും.


കണ്മുന്നിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ദുരന്തത്തിൻറെ നടുവിൽ നിൽക്കുന്ന ആ കുട്ടികളുടെ നഷ്ടത്തെ ഒരു സഹായം കൊണ്ടും നികത്താൻ കഴിയില്ല എന്നറിയാം. എങ്കിലും ചെറിയ ആശ്വാസങ്ങൾ നൽകാൻ നമുക്കെല്ലാം ആകും. വീടും സ്ഥലവും നൽകാൻ തയ്യാറായി നേരത്തേ യൂത്ത് കോൺഗ്രസും പിന്നാലെ സർക്കാരും ഒക്കെ വിവിധ ആശ്വാസ നടപടികളുമായി മുന്നോട്ടുവന്നു കഴിഞ്ഞു. അതാണ് വേണ്ടത്. എല്ലാം തകർന്നു നിൽക്കുമ്പോഴും തെറ്റുകൾക്കെതിരെ വിരൽചൂണ്ടാൻ ധൈര്യമുള്ള കുട്ടികളാണ് അവർ. നമ്മുടെ ചെറിയ സഹായങ്ങൾ പോലും അവരെ ഭാവിയിൽ വലിയ നിലകളിൽ എത്തിക്കും. ഉറപ്പാണ്.


രാഹുലിലും രഞ്ജിത്തിലും തീരുന്ന പ്രശ്നമല്ല ഇതെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കൊവിഡ് സാഹചര്യത്തിൽ തൊഴിലില്ലാതായി ദശലക്ഷക്കണക്കിനു മനുഷ്യർ അന്നന്നത്തെ ചെലവിന് തന്നെ പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുമ്പോൾ. സർക്കാർ തന്നെ എല്ലാം ചെയ്യുമെന്നോർത്ത് നിൽക്കരുത്. നമ്മുടേത് പോലുള്ള രാജ്യങ്ങളിൽ ഒരു സർക്കാരിനും അതിന് കഴിയില്ല. പലപ്പോഴും പ്രശ്ങ്ങൾ വരുമ്പോഴേ ഇതുപോലെ ഇടപെടാൻ കഴിയൂ.


നമുക്കെല്ലാവർക്കും ഒരുപോലെ ബുദ്ധിമുട്ടുള്ള കാലമാണിത്. എന്നാലും താരതമ്യേന വലിയ പ്രശ്നങ്ങളില്ലാത്തവർ നമുക്കിടയിൽ ഒരുപാടുണ്ട്. അവരെല്ലാം കുറഞ്ഞത് ഒരു നിർദ്ധന കുടുംബത്തിനെയെങ്കിലും സഹായിക്കണം. അങ്ങനെ ഒരുപാടുപേർ ചെയ്യുന്നുണ്ടെന്നും അറിയാം.


മറ്റുള്ളവർ നമ്മളോട് സഹായം ചോദിക്കാൻ കാത്തുനിൽക്കരുത്. അഭിമാനം പലരെയും അതിനനുവദിക്കില്ല. അങ്ങോട്ട് ചോദിക്കുക. സഹായം ചെയ്യാനുള്ള താല്പര്യം അറിയിക്കുക. ഒരുപാട് ആത്മഹത്യകൾ തടയാൻ നമുക്ക് കഴിഞ്ഞേക്കും.


ഡോ: എസ്.എസ്. ലാൽ (പ്രസിഡൻറ്) AIPC.

14 views0 comments